RSS

Monday, July 11, 2011

കേള്‍ക്കാം ചെവിയെക്കുറിച്ച്...

ചെവി
കേള്‍വി, ശരീരത്തിന്റെ തുലന നില എന്നിവ പാലിക്കുന്നതിനായി സഹായിക്കുന്നു. ബാഹ്യകര്‍ണം , മദ്ധ്യകര്‍ണം, ആന്തരകര്‍ണം എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങള്‍ ഉണ്ട്.

ബാഹ്യകര്‍ണം
ചെവിക്കുട, കര്‍ണനാളം, കര്‍ണപടം എന്നിവയുള്‍പ്പെടുന്നു.

ചെവിക്കുട.
ഏറ്റവും പുറമെ കാണപ്പെടുന്ന ബാഹ്യകര്‍ണത്തിന്റെ ഭാഗം, ശബ്ദവീചികളെ ശേഖരിച്ച് ചെവിക്കുള്ളിലേക്ക് കടത്തിവിടുന്നതിനായി സഹായിക്കുന്നു. ചെവിക്കുടയുടെ വലിപ്പവും ചലനശേഷിയും ഓരോ ജീവികളിലും വ്യത്യസ്തമായി കാണുന്നു.
കര്‍ണനാളം
ചെവിക്കുടയുടെ തുടര്‍ച്ചയായി ഏകദേശം 2.5 സെ.മി. നീളത്തില്‍ അകത്തേക്കുകാണുന്ന നാളമാണിത്. ഇവയുടെ ഭിത്തിയില്‍ ധാരാളം രോമങ്ങളും, മെഴുക് ഗ്രന്ധികളും കാണപ്പെടുന്നു. അണുക്കള്‍ , പൊടി, ചെറുപ്രാണികള്‍ എന്നിവ ചെവിക്കിള്ളിലേക്ക് പ്രവേശിക്കുന്നത് തടയുന്നു.‌ കൂടാതെ കര്‍ണനാളത്തിലെ ഈര്‍പ്പവും , ഊഷ്മാവും നിലനിര്‍ത്താനും സഹായിക്കുന്നു.

കര്‍ണപടം
കര്‍ണനാളം ചെന്നവസാനിക്കുന്ന ഭാഗത്തു കാണപ്പെടുന്ന നേര്‍ത്ത സ്തരമാണിത്. കര്‍ണനാളം വഴി വന്നെത്തുന്ന ശബ്ദവീചികള്‍ കര്‍ണപടത്തില്‍‍‍ പതിക്കുമ്പോള്‍ കര്‍ണപടം കമ്പനം ചെയ്യുന്നു.

മദ്ധ്യകര്‍ണം

കര്‍ണപടത്തിനോട് ചേര്‍ന്നുകാണപ്പെടുന്ന മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ്, എന്നീ മൂന്ന് അസ്ഥികള്‍ അടങ്ങുന്ന വായുസഞ്ചാരമുള്ള അറയാണിത്. സ്റ്റേപ്പിസ് അസ്ഥിയോട് ചേര്‍ന്ന് കാണപ്പെടുന്ന ഓവല്‍ വിന്‍ഡോ വഴി ആന്തരകര്‍ണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. മദ്ധ്യകര്‍ണത്തെ ഗ്രസനിയുമായി യൂസ്റ്റേക്കിയന്‍ നാളി വഴി ബന്ധിപ്പിച്ചിരിക്കുന്നു. കര്‍ണപടത്തിനിരുവശവുമുള്ള വായൂമര്‍ദ്ദംക്രമീകരിക്കുന്നതിന് ഇത് സഹായിക്കുന്നു.‌

ആന്തരകര്‍ണം

കോക്ലിയ, അര്‍ദ്ധവൃത്താകാരകുഴലുകള്‍, വെസ്റ്റിബ്യൂള്‍ എന്നിങ്ങനെ സ്തരനിര്‍മ്മിതമായ മൂന്ന് ഭാഗങ്ങള്‍ പ്രധാനമായും ഉണ്ട്. ഇവയുടെ അകത്ത് എന്‍ഡോലിംഫ് എന്ന ദ്രാവകവും പുറത്ത് പെരിലിംഫ് എന്ന ദ്രാവകവും ഉണ്ട്. കോക്ലിയ കേള്‍വിക്കും, അര്‍ദ്ധ വൃത്താകാര കുഴലുകള്‍, വെസ്റ്റിബ്യൂള്‍ എന്നിവ ശരീരതുലനനില പാലിക്കുന്നതിനും സഹായിക്കുന്നു.

കോക്ലിയ

കേള്‍വിക്കുസഹായകമായ ആന്തരകര്‍ണത്തിന്റെ ഭാഗം. ഒച്ചിന്റെ ആകൃതിയില്‍ ചുരുണ്ട് കാണപ്പെടുന്ന കോക്ലിയയ്ക്ക മൂന്ന് അറകള്‍ ഉണ്ട്. മദ്ധ്യഭാഗത്തെയും താഴെഭാഗത്തെയും വേര്‍തിരിക്കുന്ന ബേസിലാര്‍ സ്തരത്തില്‍ ശബ്ദഗ്രാഹികളായ കോശങ്ങള്‍ കാണപ്പെടുന്നു.

ചെവി ശരീരത്തിന്റെ തുലനില പാലിക്കുന്നത് എപ്രകാരമാണ് ?

ആന്തരകര്‍ണത്തിലെ അര്‍ദ്ധവൃത്താകാരകുഴലുകള്‍, വെസ്റ്റിബ്യൂള്‍ എന്നിവയാണ് ശരീരത്തിന്റെ തുലനനില പാലിക്കുന്നതിന് സഹായിക്കുന്നത്. അര്‍ദ്ധവൃത്താകാരകുഴലുകളുടെ വീര്‍ത്തിരിക്കുന്ന ഭാഗമായ ആംപ്യുള്ളയ്ക്കുള്ളിലെ കപ്യൂലയിലെ സംവേദകോശങ്ങളും, എന്‍ഡലിംഫും തലയുടെ ഏതൊരുചലനവും തിരിച്ചറിയുന്നു. ഇത് വെസ്റ്റിബ്യൂളിലെ രോമകോശങ്ങളോട് ചേര്‍ന്നുകാണപ്പെടുന്ന ചുണ്ണാമ്പ് തരികളടങ്ങിയ ഓട്ടോലിത്തുകളെ ഉദ്ദീപിക്കപ്പെടുകയും ഇത് ശ്രവണനാഡി വഴി സെറിബ്രത്തില്‍ എത്തുമ്പോള്‍ ശബ്ദം തിരിച്ചറിയുകയും ചെയ്യുന്നു.

No comments:

Post a Comment

Powered by Blogger.