RSS

Friday, November 22, 2013

LIVER കരള്‍

കരളേ …... കരളിന്റെ കരളേ …..... എന്നോടൊന്നു ….ചിരിക്കൂ …...
ഗ്രീക്ക് പുരാണങ്ങളിലെ പ്രോമിത്യൂസിന്റെ കഥ പ്രസിദ്ധമാണ്. മനുഷ്യരെ തീവ്രമായി സ്നേഹിച്ച പ്രൊമിത്യൂസ് ദേവലോകത്തുനിന്നും അഗ്നി ഒളിപ്പിച്ചു കടത്തി ഭൂലോകവാസികള്‍ക്ക് നല്‍കി . ദേവന്‍മാര്‍ കുപിതരായി ദേവലോകാധിപനായ സീയൂസ് അദ്ദേഹത്തെ ഒരു മലമുകളില്‍ ചങ്ങലയാല്‍ ബന്ധിച്ചു. അദ്ദേഹത്തിന്റെ അടുത്തേക്ക് എല്ലാദിവസവും ഒരു കഴുകനെ അയച്ചു. പകല്‍ മുഴുവന്‍ കഴുകന്‍ പ്രൊമിത്യൂസിന്റെ കരള്‍ കൊത്തിപ്പറിക്കും, പക്ഷേ രാത്രി സമയം കൊണ്ട് കരള്‍ വീണ്ടും വളര്‍ന്നു വരും. പിറ്റേദിവസവും കഴുകന്‍ കരള്‍ കൊത്തിപ്പറിക്കാനായെത്തും. പ്രൊമിത്യൂസിന്‍റെ കഥ സാങ്കല്‍പ്പികമായിരിക്കാം എന്നാല്‍ ഈ കഥയിലൊരു സത്യമുണ്ട് ആരോഗ്യമുള്ള കരളിന്റെ 80 % വരെ നഷ്ടപ്പെട്ടാലും ഏതാനും മാസം കൊണ്ട് നഷ്ടമായ ഭാഗം വീണ്ടും വളര്‍ന്നുവരും മറ്റൊരു അവയവത്തിനുമില്ലാത്ത കഴിവാണിത് . അതുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാന്‍ കഴിയുന്നത്.
ലിവര്‍ സിറോസിസ്
മനുഷ്യശരീരത്തിലെ ഏററവും വലിയ ഗ്രന്ഥിയും ഏററവും സങ്കീര്‍ണമായ അവയവവുമാണ് കരള്‍. ജനിച്ചുവീഴുന്ന കുഞ്ഞിന്റെ കരളിന്റെ ശരാശരി ഭാരം ശരീരഭാരത്തിന്റെ അഞ്ചു ശതമാനം ആയിരിക്കും. വളരുംതോറും ഇതിന്റെ അനുപാതം കുറഞ്ഞ് മുതിരുമ്പോള്‍ രണ്ടു ശതമാനമായി മാറുന്നു. കരളിന്റെ ഈ പ്രത്യേകതയാലാണ് ചെറിയ കുട്ടികളുടെ വയര്‍ ഉന്തിനില്‍ക്കുന്നതായി കാണപ്പെടുന്നത്. മൃദുവും കടുംതവിട്ടുനിറവുമായ ഈ അവയവം അതിന്റെ നാല് വലിയ അറകളും ഒരു ലക്ഷത്തില്‍പ്പരം ചെറിയ അറകളുമായി ഒരേ സമയം അഞ്ഞൂറില്‍പ്പരം ജോലികള്‍ ചെയ്തുതീര്‍ക്കുന്നു.ശരീരത്തിന്റെ ആകെ രക്തത്തിന്റെ പതിമൂന്നു ശതമാനം ശേഖരിക്കപ്പെടുന്നത് ഇവിടെയാണ്.
ധമനിയിലൂടെ ഒഴുകിയെത്തുന്ന രക്തത്തില്‍നിന്നും ആഹാരത്തിലെ പോഷകങ്ങളെ അന്നജം, പ്രോട്ടീന്‍, വിററമിന്‍, കൊഴുപ്പ് എന്നിങ്ങനെ തരംതിരിച്ച് രക്തത്തെ സന്തുലിതമാക്കി സിരയിലൂടെ പുറത്തേക്കൊഴുക്കേണ്ടത് കരളിന്റെ ചുമതലയാണ്. കൊഴുപ്പിനെ ദഹിപ്പിക്കാനുളള പിത്തരസം ഉല്‍പ്പാദിപ്പിക്കുന്നത് കരളിലാണ്. കാലാവധി കഴിഞ്ഞ ചുവന്ന രക്താണുക്കള്‍ പ്ളീഹയില്‍ നിന്നും കരളിലെത്തിച്ചേരുമ്പോള്‍ ഇതിനെ സംസ്കരിച്ച് പിത്തരസത്തിനു മഞ്ഞനിറം കൊടുക്കുന്ന ബൈല്‍ പിഗ്മെന്റ് ഉണ്ടാക്കുന്നതും ശരീരത്തിലെ ഇരുമ്പിന്റെ അളവ് കൃത്യമായി പരിപാലിക്കാന്‍ വേണ്ടി ഹീമോഗ്ളോബിന്‍ സംസ്കരിക്കുന്നതും ദഹനാവശിഷ്ടങ്ങളിലെയും മദ്യപാനം, മരുന്നുകള്‍ എന്നിവമൂലമുണ്ടാകുന്നതുമായ വിഷപദാര്‍ഥങ്ങളെ നിര്‍വീര്യമാക്കുന്നതും അമോണിയയെ യൂറിയ ആക്കി മാററുന്നതും ഈ ഗ്രന്ഥിതന്നെയാണ്.
കരളിലെ കോശങ്ങള്‍ രോഗബാധിതമാകുന്ന അവസ്ഥയില്‍ മൃതങ്ങളായ ചുവന്ന രക്താണുക്കള്‍ സംസ്കരിക്കപ്പെടാതെ അടിഞ്ഞുകൂടി മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. കരളിന് സര്‍വനാശം വരുത്തുന്ന ഒരു രോഗമാണ് സിറോസിസ്. കരള്‍ കട്ടിയാകുകയും കൊഴുപ്പുനിറയുകയും ചെയ്ത് സകലമാന പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കുകയും രക്തചംക്രമണം തടസ്സപ്പെട്ട് കരളിന്റെ ധമനികളില്‍ കെട്ടിക്കിടന്ന് പോര്‍ട്ടല്‍ ഹൈപ്പര്‍ ടെന്‍ഷനും ഇതുമൂലം ആന്തരാവയവങ്ങളില്‍ വെരിക്കോസ് വെയിനും (അന്നനാളത്തിലെ ഈസോഫാഗല്‍ വേരീസസ് ആണ് ഇതില്‍ പ്രധാനം), ഉദരത്തില്‍ നീരുനിറയുന്ന മഹോദരം, അബോധാവസ്ഥയിലെത്തിക്കുന്ന ഹെപ്പറ്റിക് കോമ എന്നിങ്ങനെയുളള പരിണാമങ്ങളും കാലതാമസമില്ലാതെതന്നെ മരണത്തിലെത്തിക്കുന്നു.
അത്യധ്വാനിയായ ഈ അവയവം അഞ്ചില്‍ നാല് ഭാഗം രോഗബാധിതമായാലും പുറത്തറിയിക്കാതെ ജോലിചെയ്യുമെന്നതിനാല്‍ ഒന്നും ചെയ്യാന്‍ പററാത്ത സ്ഥിതിയില്‍ ശേഷിക്കുന്ന അഞ്ചിലൊരു ഭാഗം കൂടി എത്തുമ്പോഴേ രോഗിപോലും അറിയുകയുളളൂ. അതിനാല്‍ സിറോസിസില്‍ നിന്നും ഒരു രക്ഷപെടല്‍ പ്രായേണ അസംഭവ്യമാണ്. ദീര്‍ഘകാലമായുളള മദ്യപാനം, പോഷകാഹാരക്കുറവ്, കരളില്‍ നീര്‍ക്കെട്ട്, അണുബാധ ഇവയാണ് സിറോസിസ് ഉണ്ടാകാനുളള കാരണങ്ങള്‍. മനംമറിക്കുക, വിശപ്പില്ലാതാകുക, തൂക്കക്കുറവ്, ഇളം നിറമാകുന്ന മലം, ക്ഷീണം, വയറുവേദന, ഇവ ഒരേപോലെ ബുദ്ധിമുട്ടിക്കുകയും ധമനികള്‍ ക്രമാതീതമായി പിടച്ചുനില്‍ക്കുന്ന ഉദരവും സിറോസിസിന്റെ ലക്ഷണങ്ങളാണ്. അമിതമദ്യപാനം രക്തത്തില്‍ കലര്‍ത്തുന്ന വിഷവസ്തുക്കള്‍ കോശങ്ങളിലെ ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുകയും പ്രാണവായു ലഭിക്കാതെ കരളിലെ കോശങ്ങള്‍ രോഗാതുരമാകുകയും ചെയ്യുന്നു .
ഇപ്രകാരമുണ്ടാകുന്ന സിറോസിസില്‍ പ്രാരംഭഭ ദശയില്‍ കൊഴുപ്പടിഞ്ഞു വലുതാകുന്ന കരള്‍ പിന്നീട് ചുരുങ്ങി പകുതിയായിമാറുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ പ്രോസ്റ്റേറ്റിനും സ്തനങ്ങള്‍ക്കും രൂപവ്യതിയാനമുണ്ടാകുകയും വൃഷണങ്ങള്‍ ചെറുതാകുകയുംചെയ്യുന്നു. വൈറസ് ബാധമൂലം പോസ്റ്റ് ഹെപ്പറ്റൈറ്റിക്, ചില മരുന്നുകളുടെ, വിശിഷ്യാ വേദനസംഹാരികളുടെ അമിതോപയോഗം മൂലമുളള പോസ്റ്റ് നെക്രോട്ടിക്, ബൈല്‍ ഡക്ടിലുണ്ടാകുന്ന തടസ്സം മൂലം ബിലിയറി എന്നിങ്ങനെയുളള സിറോസിസുകളും കണ്ടുവരുന്നു. മഹോദരം അഥവാ അസൈററിസ് നിയന്ത്രിക്കാന്‍ സോഡിയം ഉപയോഗം കുറയ്ക്കേണ്ടതിനാല്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയും പഴങ്ങള്‍, പച്ചക്കറികള്‍, വിററമിനുകള്‍, പ്രോട്ടീന്‍ ഇവയടങ്ങിയ സമീകൃതാഹാരം ശീലമാക്കുകയും ചെയ്യുന്നത് രോഗപീഡ കുറയ്ക്കാന്‍ ഉപകരിക്കും.
കടപ്പാട് ഡോ. മിനി ഉണ്ണിക്കൃഷ്ണന്‍

1 comment:

Powered by Blogger.